
മധ്യപ്രദേശ് ഹൈക്കോടതിയില്‍ അസാധാരണമായ ഒരു കുറ്റവിചാരണ അരങ്ങേറി. ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ റിട്ടയേർഡ് കെമിസ്ട്രി പ്രൊഫസറുടെ വാദമാണ് ഹൈക്കോടതി ജഡ്ജിമാരെ അമ്പരപ്പിച്ചത്. വിചാരണ വേളയില്‍ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളെ കുറിച്ച് ജഡ്ജിമാര്‍ പ്രൊഫസർ മംമ്ത പഥകിനോട് ചോദിച്ചതാണ് നാടകീയമായ രംഗങ്ങൾക്ക് വഴി തെളിച്ചത്. ജസ്റ്റിസ് വിവേക് അഗർവാളും ജസ്റ്റിസ് ദേവനാരായണ്‍ മിശ്രയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.
2021 ഏപ്രിലിലാണ് പ്രൊഫസർ മംമ്ത പഥകിന്‍റെ ഭര്‍ത്താവ് 63 -കാരനും റിട്ടേർഡ് സർക്കാര്‍ ഡോക്ടറുമായ നിരജ് പഥകിനെ ഉറക്ക് ഗുളിക നല്‍കിയ ശേഷം ഇലക്ട്രിക് ഷോക് കൊടുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ മംമ്ത കുറ്റക്കാരിയാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും സെഷന്‍സ് കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതിയെ സമീപിച്ച മംമ്ത ജാമ്യം നേടി. ഈ കേസിന്‍റെ തുടർവീചാരണയ്ക്കിടൊണ് ജഡ്ജിമാര്‍ക്ക് കെമിസ്ട്രി ക്ലാസ് എടുത്ത് താന്‍ കുറ്റക്കാരിയല്ലെന്ന് തെളിയിക്കാന്‍ മംമ്ത പഥക് ശ്രമിച്ചതും ജഡ്ജിമാരെ അമ്പരപ്പിച്ചതും.
ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തലെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ജഡ്ജി മംമ്ത പഥകിനോട് ചോദിച്ചതിന് പിന്നാലെ അവര്‍ ആ വാദം നിരാകരിച്ചു. പോസ്റ്റ്മോർട്ടം ടേബിളില്‍ തീയേറ്റുള്ള പൊള്ളലും ഷോക്കേറ്റുള്ള പൊള്ളലും തിരിച്ചറിയാന്‍ കഴിയില്ലെന്ന് അവര്‍ വാദിച്ചു. പിന്നാലെ വൈദ്യുതി പ്രവാസം മനുഷ്യ ശരീരത്തിലെ കോശങ്ങളിലൂടെ ഏങ്ങനെ പ്രവഹിക്കുമെന്നും അത് എന്തൊക്കെ മാറ്റങ്ങൾ ഈ സമയം ശരീരത്തില്‍ ഉണ്ടാക്കുമെന്നും അവര്‍ കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. ഒപ്പം ലാബ് പരിശോധനയില്‍ മാത്രം കൃത്യമായി പറയാന്‍ പറ്റുന്ന രാസപ്രവര്‍ത്തനങ്ങൾ എന്തൊക്കെയാണെന്നും അവര്‍ വിശദീകരിച്ചു.
ഭർത്താവിന്‍റെ കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിനിടെ രസതന്ത്ര ക്ലാസെടുത്ത് നിരപരാധിത്വം തെളിയിക്കാനുള്ള പ്രൊഫസറുടെ ശ്രമത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. കൊലപാതകത്തിന് പിന്നാലെ ഭാര്യ തന്നെ പീഡിപ്പിച്ചിരുന്നതായി നീരജ് പഥക്കിന്‍റെ ഒരു ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ഇതിനിടെ കേസ് വഴിതിരിച്ച് വിടാനായി കൊലപാതകത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയിരുന്നതായി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പരാതി ഇവർ തന്നെ പിന്‍വലിക്കുകയായിരുന്നു. നീരജ് പഥകിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.