
ദില്ലി: തുർക്കി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തെ തുടർന്ന് തിരിച്ചടിയുണ്ടായെങ്കിലും പാകിസ്ഥാനോടുള്ള നിലപാട് മാറ്റാതെ തുർക്കി. പാകിസ്ഥാനുമായുള്ള ബന്ധം ഉറച്ചതാണെന്ന് പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. തുർക്കി പാകിസ്ഥാന് സൈനിക ഡ്രോണുകൾ മാത്രമല്ല, അവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും നൽകിയെന്നും എർദോഗാൻ വ്യക്തമാക്കി. മുൻകാലങ്ങളിലെന്നപോലെ, ഭാവിയിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് എർദോഗൻ ഉറപ്പ് നൽകി.
പഹൽഗാം ആക്രമണത്തിന് പിന്നാലെ തുർക്കി വ്യോമസേനയുടെ സി -130 വിമാനവും യുദ്ധക്കപ്പലും പാകിസ്ഥാനിലെത്തിയിരുന്നു. തുർക്കി ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇന്ത്യയ്‌ക്കെതിരെ ബെയ്‌രക്തർ ടിബി2, വൈഹ ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, തുർക്കി സൈനിക ഉപകരണങ്ങൾ മാത്രമല്ല, പ്രവർത്തകരെയും നൽകിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി രണ്ട് തുർക്കി സൈനികർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണ നൽകിയതിനെ തുടർന്ന്, ബോയ്‌കോട്ട് ടർക്കി എന്ന ഹാഷ്‌ടാഗ് ഇന്ത്യയിൽ ട്രെൻഡിംഗാണ്. 2023 ലെ വൻ ഭൂകമ്പത്തിന് ശേഷം തുർക്കിക്ക് സഹായം എത്തിക്കാൻ ഇന്ത്യ ഓപ്പറേഷൻ ദോസ്ത് നടത്തിയിരുന്നു. ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് വൻസാമ്പത്തിക നഷ്ടമാണ് തുർക്കിക്കുണ്ടായത്. തുർക്കിയിലേക്കുള്ള ഉള്ള ടൂറിസ്റ്റ് ബുക്കിംഗ് റദ്ദാക്കലുകൾ 250% വർധിച്ചു.
ചൈനക്ക് ശേഷം പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായി തുർക്കി ഉയർന്നുവന്നിട്ടുണ്ട്, ബെയ്‌രക്തർ ടിബി2, അസിസ്ഗാർഡ് സോംഗർ ഡ്രോണുകൾ, മിൽജെം-ക്ലാസ് കോർവെറ്റുകൾ, പാകിസ്ഥാന്റെ എഫ്-16 ജെറ്റുകൾ, അഗോസ്റ്റ 90ബി അന്തർവാഹിനികൾ തുടങ്ങിയ നൂതന ആയുധങ്ങൾ തുർക്കി കൈമാറി.