ഓട്ടോമാറ്റിക് ക്ലച്ചുള്ള ബൈക്കുകളുമായി ഹോണ്ട ഇന്ത്യൻ നിരത്തിലേക്ക്

ഓട്ടോമാറ്റിക് ക്ലച്ചുള്ള ബൈക്കുകളുമായി ഹോണ്ട ഇന്ത്യൻ നിരത്തിലേക്ക്



ജപ്പാനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ഇന്ത്യൻ നിരത്തുകളിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങൾ എത്തിക്കാൻ തയ്യാറെടുക്കുന്നു. വിദേശ വിപണിയിൽ പ്രിയങ്കരമായ സാങ്കേതിക വിദ്യ ഇന്ത്യൻ നിരത്തുകളിലും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ക്ലച്ച് ഉപയോ​ഗിച്ചും അല്ലാതെയും വാഹനം ഓടിക്കാൻ സാധിക്കുന്നതാണ് ഇ-ക്ലച്ച് സംവിധാനം. റൈഡറുടെ ഇഷ്ടത്തിനനുസരിച്ച് ഓട്ടോമാറ്റിക്, മാനുവൽ സംവിധാനത്തിലേക്ക് വാഹനത്തെ മാറ്റാൻ സാധിക്കുകയും ചെയ്യും.

ഹോണ്ട CBR650R, CB650R പ്രീമിയം മോട്ടോർസൈക്കിളുകളാണ് ഇ ക്ലച്ച് സംവിധാനത്തോടെ എത്താൻ പോകുന്നത് എന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിൽ ഈ രണ്ടു മോഡലുകളും ഇ ക്ലച്ച് സംവിധാനം ഇല്ലാതെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഹോണ്ട ബിഗ് വിംഗ് ഇന്ത്യ സോഷ്യൽ മീഡിയ പേജുകളിൽ ഇ ക്ലച്ചുള്ള മോഡലുകൾ എത്തുന്നുണ്ട് എന്ന സ്ഥിരീകരിക്കുന്ന ടീസർ ചിത്രങ്ങൾ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.


ഈ സാങ്കേതികവിദ്യയില്‍ ക്ലച്ചിന്റെ മാനുവൽ കൺഡ്രോൾ റൈഡർക്ക് ഇഷ്ടം ഉള്ളപ്പോൾ ഏറ്റെടുക്കാൻ സാധിക്കും. സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുമ്പോഴും ഗിയർ മാറ്റുമ്പോഴും ക്ലച്ച് ലിവർ പിടിക്കേണ്ട എന്നതാണ് ഈ സംവിധാനത്തിന്റെ ഉപകാരം. സിറ്റി റൈഡിങ്ങിൽ വളരെ ഉപകാരപ്രദമായ ഈ ഫീച്ചർ ഇനി ഇന്ത്യൻനിരത്തുകളിൽ സ്വീകരിക്കപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

CBR650R, CB650R പ്രീമിയം മോഡലുകൾ ലുക്കിൽ ഏകദേശം സമാനരാണ്. 9.20 ലക്ഷം രൂപയാണ് ഹോണ്ട CB650R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് എക്സ് ഷോറൂം വില വരുന്നത്. CBR650R മോഡസിന് 10 ലക്ഷം രൂപയാണ് വില വരുന്നത്. ഇ ക്ലച്ച് എത്തുമ്പോൾ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഏകദേശം 20,000 രൂപ മുതൽ 30,000 രൂപ വരെ വാഹനത്തിനായി അധികം മുടക്കേണ്ടതായിട്ട് വരും.