പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു


പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു


സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയായ ഉമര്‍ വാല്‍പ്പറമ്പനാണ് മരിച്ചത്. ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. (man died in wild elephant attack in palakkad)

ഉമര്‍ ഇന്ന് വെളുപ്പിന് ടാപ്പിങിന് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. ഏറെ നേരമായി അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും ഗുരുതര പരുക്കുണ്ടായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.

Read Also: കള്ളപ്പരാതിയില്‍ ദളിത് യുവതിക്കെതിരെ പൊലീസിന്റെ ക്രൂരത: പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിന്ദു കൃഷ്ണ

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാന കൂടാതെ പ്രദേശത്ത് മറ്റ് വന്യമൃഗങ്ങളുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഉമറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.