'ഭീകരവാദികളുടെ സഹോദരി'; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശ് ബിജെപി മന്ത്രി


'ഭീകരവാദികളുടെ സഹോദരി'; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശ് ബിജെപി മന്ത്രി



ഭീകരവാദികളുടെ സഹോദരി; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശ് ബിജെപി മന്ത്രി

ഭോപാല്‍: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷാ. ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രികൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്. 

‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു‘ - ഇങ്ങനെയായിരുന്നു വിജയ് ഷായുടെ പരാമർശം. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. സായുധ സേനയെ അപമാനിക്കുകയാണ് ബിജെപി മന്ത്രി ചെയ്തതെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മധ്യപ്രദേശിലെ  കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് ആവശ്യപ്പെട്ടു.

മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ബിഹാര്‍ കോണ്‍ഗ്രസും മന്ത്രിക്കെതിരെ രംഗത്ത് എത്തി.  ‘മധ്യപ്രദേശ് ബി.ജെ.പി സർക്കാറിലെ മന്ത്രിയായ വിജയ് ഷാ, കേണൽ സോഫിയ ഖുറേഷി ഭീകരവാദികളുടെ മകളാണെന്ന അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ മകളായ കേണൽ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്, എന്നിട്ടും അവരെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. അവരെയാണ് ഭീകരവാദികളുടെ സഹോദരി എന്ന് മുദ്രകുത്തിയത്. ഇത് നമ്മുടെ ധീരരായ സായുധ സേനയെ അപമാനിക്കലാണ്’- വിവാദ വിഡിയോ പങ്കുവെച്ച് ബിഹാർ കോൺഗ്രസ് അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

അതേസമയം പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് എത്തി. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളിലൊരാളായിരുന്നു കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്