വടകര ദേശീയ പാതയുടെ സർവീസ് റോഡിൽ ഗർത്തം

വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
അതേസമയം, ദേശീയപാത തകർന്ന കൂരിയാട് പബ്ലിക് അക്കൗണ്ട് കമ്മിറ്റി സംഘം സന്ദർശിച്ചു.ചെയർമാൻ കെസി വേണുഗോപാൽ എംപിയും ഉദ്യോഗസ്ഥരുമാണ് എത്തിയത്. റോഡിന്റെ രൂപകല്പനയിലെ വീഴ്ചയാകാം അപകടത്തിലേക്ക് നയിച്ചത് എന്ന് കെസി വേണുഗോപാൽ പറഞ്ഞു.നാളെ നടക്കുന്ന പിഎസി യോഗം വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും നിർമാണ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.