കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ

കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ




കൊട്ടിയൂര്‍: ശ്രീകൊട്ടിയൂര്‍ പെരുമാള്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചു നടക്കുന്ന നെയ്യാട്ടത്തില്‍ പങ്കെടുക്കാന്‍ അവകാശികളായ ഇരുവനാട് വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെ കീഴിലുള്ള സങ്കേതങ്ങളിലെയും മഠങ്ങളിലെയും നെയ്യമൃത് ഭക്തര്‍ നാളെ വേറെ വെപ്പ് ആരംഭിക്കും. എല്ലാ മഠങ്ങളിലും തിരുവോണ കഞ്ഞി നടക്കും. ദേവന് പാനകവും നിവേദിക്കും.

വാഴത്തടയില്‍ ഇല വെച്ചാണ് കഞ്ഞി വിളമ്പുന്നത്. കഞ്ഞിയോടൊപ്പം ചക്ക വറവ്, ബെന്നി (വെള്ളരിക്ക കറി), കുഞ്ഞുണ്ണി (ചെറുപയര്‍ മധുരം ചേര്‍ത്തത്), മമ്പയര്‍ കറി, കൊസ്സ് (പച്ചമാങ്ങ വിഭവം), പഴുത്ത മാങ്ങ, പഴുത്ത ചക്ക, തേങ്ങപൂള്‍, പപ്പടം, തൃമധുരം എന്നിവയും ഉണ്ടാകും.

മേടമാസത്തിലെ ചോതി നാളിലാണ് വ്രതം ആരംഭിച്ചത്. നിടുമ്പ്രം നള്ളക്കണ്ടി, ഇളംതോടത്ത് സങ്കേതങ്ങളിലെ (നിടുമ്പ്രം, ചെമ്പ്ര, വയലളം, കോടിയേരി, പള്ളൂര്‍) നെയ്യമൃത് മഠങ്ങളിലും മൊകേരി (തട്ടാരത്ത് ക്ഷേത്രം), അണിയാരം, പുത്തൂര്‍, നിള്ളങ്ങല്‍, ഒളവിലം പെരുമാള്‍ മഠം എന്നീ നെയ്യമ്യത് സങ്കേതമഠങ്ങളിലും നാളെ വേറെ വെപ്പ് ആരംഭിക്കും.
കോഴിക്കോട് ജില്ലയിലെ വടകര കടത്തനാടുള്ള മഠങ്ങളിലും നാളെ തിരുവോണ കഞ്ഞിയുണ്ടാവും. കടത്തനാട്ടെ തേര്‍ട്ടോളി, പുറമേരി, കുളശ്ശേരി, കാര്‍ത്തികപ്പള്ളി, പാവൂര്‍, ഉദയപുരം, തുണേരി, വിഷ്ണുമംഗലം, അയ്യപ്പന്‍ കാവ്, കണ്ണുക്കര, തിരുമന, വടകര, ആലിശ്ശേരി എടച്ചേരി നോര്‍ത്ത്, കീഴല്‍, ലോകനാര്‍കാവ്, എടവന മഠങ്ങളിലാണ് തിരുവോണ കഞ്ഞി നടക്കുന്നത്.