
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. അനൂസ് വിദ്യാർത്ഥിയാണ്. വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്.
അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. സംഭവത്തിൽ കൊടുവള്ളിപോലീസ് അന്വേഷണം തുടങ്ങി. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.
സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാൾ രണ്ട് തവണ വീട്ടിൽ വന്നിട്ടുള്ളതാണെന്നും ഉമ്മ ജമീല പറയുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്ന് ജമീല പറയുന്നു. പണം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.