ഭോപ്പാൽ: എക്സ്പ്രസ് വേയിൽ വാഹനം നിർത്തി സ്ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്തു. മനോഹർലാൽ ധാക്കഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ദില്ലി-മുംബൈ റൂട്ടിൽ ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന വീഡിയോ വൈറലായിരുന്നു. ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് നേതാവും സ്ത്രീയും പുറത്തിറങ്ങി റോഡിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇയാൾ ബിജെപി നേതാവാണെന്ന് ആരോപണമുയർന്നെങ്കിലും പാർട്ടി അംഗമല്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ടോൾബൂത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296, 285, 3(5), ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294, 283, 34 എന്നിവ പ്രകാരം ഭാൻപുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എംപി 14 സിസി 4782 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി കാർ റോഡരികിൽ പാർക്ക് ചെയ്തായിരുന്നു ഇരുവരുടെയും പ്രവൃത്തി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് മന്ദ്‌സൗർ എസ്പി അഭിഷേക് ആനന്ദ് പറഞ്ഞു. വൈറൽ വീഡിയോയിൽ ഹൈവേ കൺട്രോൾ റൂമിന്റെ പങ്ക് ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. എൻഎച്ച്എഐയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബ്ലാക്ക്‌മെയിലിംഗുമായി ബന്ധമുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. ആ വശവും ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ വിശകലനം ചെയ്യുകയും ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിന് കൂട്ടുനിന്നതായി കണ്ടെത്തിയാൽ അവരെ പ്രതിയാക്കുമെന്നും എസ്പി പറഞ്ഞു. ധാക്കദിന്റെ ഭാര്യ സോഹൻ ബായി ബാനി ഗ്രാമത്തിലെ സർപഞ്ചും ജില്ലാ പഞ്ചായത്ത് അംഗവുമാണെന്ന് പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. മനോഹർലാൽ ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ല. അദ്ദേഹത്തിന്റെ ഭാര്യ തിരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് അദ്ദേഹവുമായി ഔദ്യോഗിക ബന്ധമില്ലെന്ന് മന്ദ്‌സൗർ ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പറഞ്ഞു. ധാക്കഡ് മഹാസഭ യൂത്ത് യൂണിയന്റെ സ്ഥാനത്ത് നിന്ന് ധാക്കഡിനെ നീക്കി.