യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച, മുഹമ്മദ് ഷമി ബിജെപിയിലേയ്ക്ക്? അഭ്യൂഹങ്ങൾ ശക്തമാകുന്നു

യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച, മുഹമ്മദ് ഷമി ബിജെപിയിലേയ്ക്ക്? അഭ്യൂഹങ്ങൾ ശക്തമാകുന്നു


ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ഷമി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. 

'ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോ​ഗി ആദിത്യനാഥിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ദീര്‍ഘ വീക്ഷണം, നേതൃപാടവം, നമ്മുടെ സംസ്ഥാനത്തിന്റെ പരിവർത്തന സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ ചർച്ചകൾ. സുസ്ഥിര വികസനത്തിനും സാമൂഹിക പുരോഗതിക്കും ഊന്നൽ നൽകി വളർച്ചയ്ക്കുള്ള ശ്രദ്ധേയമായ ഒരു റോഡ്മാപ്പ് മുഖ്യമന്ത്രി വിശദീകരിച്ചു. സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആഴമേറിയതാണ്. നല്ല മാറ്റത്തിന് സംഭാവന നൽകാൻ നമ്മളെയെല്ലാം അത് പ്രചോദിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്രയും വലിയ ശ്രമങ്ങൾ കാണുന്നത് ആശ്വാസകരമാണ്. ഉത്തർപ്രദേശിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഈ യാത്രയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുമിച്ച്, നമുക്കിത് യാഥാർത്ഥ്യമാക്കാം.' ഷമി എക്സിൽ കുറിച്ചു. 

അതേസമയം, യോ​ഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച മുഹമ്മദ് ഷമിയുടെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഷമി ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഈ കൂടിക്കാഴ്ച വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. ബിജെപി നേതൃത്വവുമായി ഷമി ഇതിന് മുമ്പും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പ്, 2025ലെ ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ ടൂർണമെന്റുകൾക്ക് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഷമിയുടെ ജന്മനാടായ അമ്രോഹയിൽ യുപി സർക്കാർ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന് പിന്നിൽ ഷമിയെ ബിജെപിയിലെത്തിക്കാനുള്ള തന്ത്രപരമായ ഇടപെടലായാണ് രാഷ്ട്രീയ നിരീക്ഷകർ വ്യാഖ്യാനിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഷമിയുടെ സ്ഥാനാർത്ഥിത്വം ബിജെപി ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന ഷമിയിലൂടെ സംസ്ഥാനത്ത് ബിജെപി ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതുവരെ ഷമിയോ ബിജെപിയോ പരസ്യമായ ഒരു രാഷ്ട്രീയ പ്രഖ്യാപനവും നടത്തിയിട്ടില്ല. അതിനാൽ, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇത്തരം ഊഹാപോഹങ്ങൾ തുടരുക തന്നെ ചെയ്യും