
കോഴിക്കോട്: കോഴിക്കോട് വീണ്ടും വന്‍ രാസലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 78.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. അപ്പോഴാണ് കുന്ദമംഗലത്ത് വെച്ച്ഡന്‍സാഫ് സംഘവും കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കുറച്ച് ദിവസമായി പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഈ മാസം ഡാന്‍സാഫ് പിടികൂടുന്ന ഏഴാമത്തെ വലിയ കേസ്സാണിത്. കോഴിക്കോട് വിതരണത്തിനെത്തിച്ചതാണ് രാസലഹരിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഡന്‍സാഫ് സംഘം അറിയിച്ചു.
അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ നഗരത്തില്‍ ഡന്‍സാഫ് സംഘം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഡന്‍സാഫ് സംഘം പ്രത്യേക ജാഗ്രതയിലാണ്. കൂടാതെ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21ന് കാരന്തൂരിലെ ഹോട്ടലില്‍ വെച്ച് 221 ഗ്രാം എം.ഡി.എംഎ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് പ്രധാന കണ്ണി നൈജീരിയക്കാരന്‍ ഫ്രാങ് ചിക് സിയ, രണ്ട്ടാന്‍സാനിയന്‍ സ്വദേശികള്‍ എന്നിവരെ ദില്ലിയില്‍ നിന്ന് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.