എവറസ്റ്റ് കീഴടക്കി തിരികെ മടങ്ങവേ ഇന്ത്യക്കാരനായ പർവ്വതാരോഹകൻ മരിച്ചു, അപകടം ഹിലാരി സ്റ്റെപ്പിന് താഴെ

എവറസ്റ്റ് കീഴടക്കി തിരികെ മടങ്ങവേ ഇന്ത്യക്കാരനായ പർവ്വതാരോഹകൻ മരിച്ചു, അപകടം ഹിലാരി സ്റ്റെപ്പിന് താഴെ


ദില്ലി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്. എവറസ്റ്റിന്റെ മാർച്ച്-മെയ് മാസങ്ങളിലെ ക്ലൈംബിംഗ് സീസണിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 8,849 മീറ്റർ (29,032 അടി) കൊടുമുടിയിലെത്തിയ ശേഷം മടങ്ങുന്നതിനിടെ ഹിലാരി സ്റ്റെപ്പിന് താഴെ സുബ്രത ഘോഷ് അപകടത്തിൽപ്പെടുന്നത്. കൊടുമുടി കീഴടക്കിയ ആവേശത്തിൽ സുബ്രത ഘോഷ് ആവേശഭരിതനായി അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

8,000 മീറ്റർ (26,250 അടി) ഉയരമുള്ള സൗത്ത് കോളിനും കൊടുമുടിക്കും ഇടയിലുള്ള ഹിലാരി സ്റ്റെപ്പ് എന്ന പ്രദേശം ‘മരണ മേഖല’യെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത ഓക്സിജന്റെ അളവ് അതിജീവനത്തിന് അപര്യാപ്തമാണ്. കൊടുമുടി കീഴടക്കിയ ആവേശത്തിലും സന്തോഷത്തിലുമായിരുന്ന ഘോഷ് സഹയാത്രികർ ഇറങ്ങിയിട്ടും കൂടെ പോയില്ല. ഇതാണ് അപകടകാരണമെന്ന് സഹയാത്രികരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുബ്രത ഘോഷിന്റെ സഹോദരി സുമിത്ര ദേബ് നാഥും പർവ്വതാരോഹകയാണ്. ആരോഹകരുടെ സഹായിയായി പ്രവർത്തിക്കയായിരുന്നു. ഇതേ സീസണിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഫിലിപ്പ് II സാന്റിയാഗോ എന്ന 45 കാരനും ബുധനാഴ്ച വൈകി സൗത്ത് കോളിൽ പർവ്വത ഭാഗത്തേക്ക് പോകുന്നതിനിടെ മരണപ്പെട്ടിരുന്നു. മെയ് മാസത്തിൽ അവസാനിക്കുന്ന നിലവിലെ സീസണിൽ എവറസ്റ്റ് കയറാൻ 459 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. ഈ ആഴ്ച ഇതിനകം 100 ഓളം പർവതാരോഹകരും അവരുടെ ഗൈഡുകളും കൊടുമുടിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. കൊടുമുടി കയറൽ പര്യവേഷണങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള വർഷങ്ങളിൽ എവറസ്റ്റിൽ കുറഞ്ഞത് 345 പേർ മരിച്ചിട്ടുണ്ടെന്നാണ് ഹിമാലയൻ ഡാറ്റാ ബേസ് കണക്കുകൾ.