
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്.
സഹോദരൻ അഹ്‌സാൻ പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഫാൻ. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തൽ. താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിൽ താമസിപ്പിച്ചതും ഒപ്പം മറ്റൊരാളെയും താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.