
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് സ്ത്രീയെ മോഷണകുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൂടുതൽ നടപടികൾ. ബിന്ദുവിനെ കസ്റ്റഡിയിൽ അപമാനിച്ച സംഭവത്തിൽ എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യും. കൻ്റോമെൻ്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിച്ചത്. ഉത്തരവ് നാളെയിറങ്ങും. പേരൂർക്കട പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ട്. കുറ്റം നിഷേധിച്ചിട്ടും ബിന്ദുവിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോയതിലടക്കം വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. വീട്ടുടമ ഓമന ഡാനിയേലിന്‍റെ മാല മോഷണം പോയതിലും വിശദ അന്വേഷണമുണ്ടാകും.
ഇല്ലാത്ത മോഷണ കുറ്റം ചുമത്തി പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളാണെന്ന വിവരം പുറത്ത് വന്നതോടെയാമ് നടപടി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. പൊലീസും ചെയ്യാത്ത കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയിട്ടും അവഗണിച്ച് അപമാനിച്ച മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ പേരൂർക്കട എസ്ഐ എസ് ജി പ്രസാദിനെ സസ്പെൻഡ് ചെയ്തത്. വിവാദമായതോടെയാണ് കൂടുതൽ നടപടി.
മാല നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ സ്ത്രീയുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയില്ല. പകരം ജോലി കഴിഞ്ഞു മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചവരുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ വിവരം അറിയിക്കണം എന്ന ചട്ടം പോലും പാലിച്ചില്ല. ഇത് പെലീസിന്‍റെ നിയമപരമായ ബാധ്യതയാണ്. ബന്ധുക്കൾ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും അനുവദിച്ചില്ല. ഒരു സാഹചര്യവും ഇല്ലാതിരിന്നിട്ടും ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു. പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയച്ചില്ല. മാല കിട്ടിയ കാര്യം അറിയിച്ചതുമില്ല. ഉച്ചക്ക് ഭർത്താവ് വന്നശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചത്.