യുഡിഎഫിന് മുന്നിൽ പൂർണ്ണമായും വാതിൽ അടക്കാതെ അൻവർ, മത്സരിക്കുന്നതിൽ നിന്നുള്ള പിൻമാറ്റം ലീഗ് ഇടപെടലിൽ

യുഡിഎഫിന് മുന്നിൽ പൂർണ്ണമായും വാതിൽ അടക്കാതെ അൻവർ, മത്സരിക്കുന്നതിൽ നിന്നുള്ള പിൻമാറ്റം ലീഗ് ഇടപെടലിൽ


മലപ്പുറം: പി.വി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറിയത് മുസ്ലിം ലീഗ് നിർദേശത്തെ തുടർന്ന്. യുഡിഎഫ് നേതൃത്വവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ലീഗ് നേതൃത്വം അൻവറിനെ അറിയിച്ചതോടെ,  യുഡിഎഫിന് മുന്നിൽ പൂർണ്ണമായും വാതിൽ അടക്കാതെയാണ് അൻവറിന്റെ പിൻമാറ്റം. ജയസാധ്യതയില്ലാത്തിടത്ത് മത്സരത്തിന് ഇറങ്ങി യുഡിഎഫുമായി തൽക്കാലം പൂർണമായി പിണങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനിടയിലോ പിന്നീടോ യുഡിഎഫുമായി വീണ്ടും ബന്ധപ്പെടാമെന്നാണ് ആലോചന.

നിലമ്പൂരിൽ യുഡിഫ് തോറ്റാലും വോട്ട് കുറഞ്ഞാലും പഴി ഏൽക്കില്ലെന്നാണ് അൻവറിന്റെ വിലയിരുത്തൽ. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് അൻവറിനെ യുഡിഎഫിലേക്ക് എത്തിക്കാൻ നീക്കങ്ങൾ നടത്തിയത്. എന്നാൽ സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ നടത്തിയ ചില പരാമർശങ്ങളാണ് അൻവറിന് തിരിച്ചടിയായത്. പരാമർശങ്ങൾ തിരുത്താതെ യുഡിഎഫിലെടുക്കില്ലെന്ന് സതീശൻ നിലപാടെടുത്തതോടെയാണ് അൻവറിന്റെ മുന്നണി പ്രവേശനം വൈകിയത്. 

യുഡിഎഫിനെ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല

പിവി അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ തീരുമാനം കണ്‍വീനര്‍ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ല.പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വി ഡി സതീശന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.