പുതിയ കെപിസിസി പ്രസിഡന്റും സംഘവും ഡൽഹിയിലേക്ക്; ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും


പുതിയ കെപിസിസി പ്രസിഡന്റും സംഘവും ഡൽഹിയിലേക്ക്; ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും


കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആസന്നമായ തെരഞ്ഞെടുപ്പുകൾ സഹ ഭാരവാഹികളെ തീരുമനിക്കൽ തുടങ്ങിയവ വിഷയമാകും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റത്. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പാർട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു. പാർട്ടിയിൽ ഇപ്പോൾ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവർത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികൾ പൂർത്തിയാക്കാൻ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികൾക്ക് അതിനു കഴിയണം. സിപിഎമ്മിനെതിരെ പടകുതിരയായി താൻ മുന്നിലുണ്ടാകും. നേതൃത്വത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു.