
വയനാട്: വാടകയും സഹായ വിതരണവും മുടങ്ങിയതിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർ. വൈത്തിരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ ദുരന്തബാധിതർ ആത്മഹത്യ ഭീഷണിയും മുഴക്കി. സമരത്തിന് പിന്നാലെ ഉടൻ തന്നെ വാടക നൽകുമെന്ന് തഹസിൽദാർ പ്രഖ്യാപിച്ചു.
മെയ് മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ദുരന്ത ബാധിതർക്ക് ഏപ്രിൽ മാസത്തെ വാടക ലഭിച്ചിട്ടില്ല. മാസങ്ങൾ മുടങ്ങിയ 300 രൂപ സഹായം കഴിഞ്ഞ ദിവസം നൽകിയെങ്കിലും കിട്ടിയത് ഒരു മാസത്തെ മാത്രം. അതും പലർക്കും നൽകിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജന ശബ്ദം ആക്ഷൻ കമ്മിറ്റി വൈത്തിരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ഉരുൾപൊട്ടലിൽ പരിക്കേറ്റവർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.
ഇതേ വിഷയം ഉന്നയിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയും കളക്ടറെ കാണുന്നുണ്ട്. സഹായ ധനത്തിനൊപ്പം വാടക മുടങ്ങിയതോടെ പല കുടുംബങ്ങളും അതീവ സാമ്പത്തിക പ്രതിസന്ധിയിലാണ്. സമരത്തിന് പിന്നാലെ ഉടൻതന്നെ വാടക നൽകുമെന്ന് ദുരന്തബാധിതർക്ക് മുന്നിലെത്തി തഹസിൽദാർ പ്രഖ്യാപിച്ചു. പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് പണം കെട്ടിവെക്കേണ്ടി വന്നതിനാലാണ് വാടക മുടങ്ങിയതെന്ന് മന്ത്രി ഒ ആർ കേളു വിശദീകരിച്ചു. ഇനിയുള്ള മാസങ്ങളിൽ വാടക മുടങ്ങില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വാടക ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജീവനോപാധി നഷ്ടമായവർക്ക് ഉള്ള ഒമ്പതിനായിരം രൂപ എപ്പോൾ പൂർണ്ണമായി ലഭിക്കുമെന്ന് ദുരന്തബാധിതർക്ക് ആശങ്കയുണ്ട്.