
റാപ്പർ വേടനെതിരെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമർ എൻഐഎക്ക് പരാതി നൽകിയതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നൽകിയതെന്നും സംസ്ഥാന നേതൃത്വത്തിന്റെ ചോദ്യം. വേടൻ പ്രശ്നത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിർദേശം നൽകി.
വേടനെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകി. അഞ്ച് വർഷം മുൻപ് വേടൻ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് പാട്ടിൽ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് മിനി കൃഷ്ണകുമർ എൻഐഎയ്ക്ക് പരാതി നൽകിയത്.
സംഘപരിവാർ ആക്രമണത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ രംഗത്തുവന്നിരുന്നു. റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണെന്നും ദളിതർ ഇത്തരം കലാപ്രകടനങ്ങൾ നടത്തേണ്ടതില്ലെന്ന പ്രസ്താവന തിട്ടൂരമാണെന്നും വേടൻ അഭിപ്രായപ്പെട്ടു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാമൂഹ്യ സന്ദേശവുമാണ് ചിലരെ അലോസരപ്പെടുത്തുന്നത്. തന്റെ നിലപാടുകൾക്കെതിരെയുള്ള അക്രമം അതിന്റെ തെളിവാണെന്നും വേടൻ പറഞ്ഞിരുന്നു.