
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിർമിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് പണം പിരിച്ചെടുക്കുകയുമായിരുന്നു.ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്. രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ വിശ്വാസികളെ കബളിപ്പിച്ചത്.
ക്ഷേത്രത്തിലെ പ്രസാദം, രാമക്ഷേത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ തുടങ്ങിയവയുടെ ‘സൗജന്യ വിതരണം’ ആണ് വെബ് സൈറ്റ് സേവനമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് 51 രൂപയും വിദേശ ഭക്തരില്‍ നിന്ന് 11 യുഎസ് ഡോളറും ‘ഫെസിലിറ്റേഷന്‍ ഫീസായി’ ഈടാക്കുകയും ചെയ്തു.
10 കോടിയിലധികം രൂപയാണ് ഇയാള്‍ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തത്. രാമക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് നടന്നത്. അമേരിക്കയില്‍ താമസിച്ച് വന്നിരുന്ന ആശിഷ് സിങ് 2024ല്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖാദിയോര്‍ഗാനിക്.കോം എന്ന വ്യാജ പോര്‍ട്ടല്‍ ആരംഭിച്ച് 2023 ഡിസംബര്‍ 19നും 2024 ജനുവരി 12നും ഇടയില്‍ 6.3 ലക്ഷത്തിലധികം ഭക്തരില്‍ നിന്ന് ഓര്‍ഡറുകള്‍ ശേഖരിക്കുകയായിരുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബര്‍ ക്രൈം യൂണിറ്റിന് പരാതി നല്‍കുകയായിരുന്നു