പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ തിക്കും തിരക്കും; 3 മരണം, നിരവധി പേർക്ക് പരിക്ക്
ഒഡിഷ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. അൻപതോളം പേർക്ക് പരിക്കേറ്റു. വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.വെളുപ്പിന് നാലരയോടെയാണ് വിഗ്രഹങ്ങൾ വഹിച്ചുള്ള രഥങ്ങൾ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമെത്തിയത്. വിഗ്രഹങ്ങൾ കാണാനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. രഥത്തിനടുത്തേക്ക് പെട്ടെന്ന് ആൾക്കൂട്ടമെത്തിയത് നിയന്ത്രിക്കാനാകാഞ്ഞതാണ് അപകടത്തിന് കാരണമായത്. പെട്ടന്നുണ്ടായ തിരക്കിൽ നിരവധി പേർ നിലത്തു വീണു. രഥത്തിനുമുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേർ മരിച്ചത്.ഒഡീഷയിലെ ഖുദ്ര ജില്ലയിൽ നിന്നുള്ളവരാണിവര്‍. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് വേണ്ടത്ര പോലീസ് വിന്യാസം ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. അപകടത്തിൽ പെട്ടവർക്ക് വൈദ്യ സഹായം നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ പൊലീസും ഫയർ ഫോഴ്സും സഹായിച്ചില്ല എന്ന ആക്ഷപവുമൂണ്ട്.എന്നാൽ വേണ്ടത്ര ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും പെട്ടെന്ന് ആളുകൾ ഒരു സ്ഥലത്തേക്ക് എത്തിയതാണ് അപകടത്തിന് കാരണമായതെന്നും പുരി കളക്ടർ സിദ്ധാർത്ഥ് ശങ്കർ പറഞ്ഞു. അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. മുന്നൊരുക്കങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ രഥയാത്ര പുരോഗമിക്കുന്നതിനിടെ തിക്കും തിരക്കും മൂലവും കടുത്ത ചൂട് കാരണവും 700 ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിൽ ചിലർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്