

കളിക്കുന്നതിനിടെ കൈയ്യിൽ ചുറ്റിയ മൂർഖനെ കടിച്ചു കൊന്ന് ഒന്നരവയസുകാരൻ.ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് അവിശ്വസനീയമായ സംഭവം . അപകടനില തരണം ചെയ്ത കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്റെ ശരീരത്തിൽ കടിക്കുകയും പാമ്പ് ചാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്‍ററിൽ (PHC) എത്തിച്ചെങ്കിലും, പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.