അടുത്ത 3 ദിവസത്തിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്; കപ്പലിലെ എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയിൽ നീങ്ങാനും സാധ്യത


അടുത്ത 3 ദിവസത്തിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്; കപ്പലിലെ എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയിൽ നീങ്ങാനും സാധ്യത


കോഴിക്കോട്: കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്. ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ​ഗാർഡ് പറയുന്നു. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.ക്യാപ്റ്റനടക്കം 18 പേരെ കപ്പലിൽ നിന്ന് ര​ക്ഷപ്പെടുത്തിയിരുന്നു. 4 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ മം​ഗളൂരുവിലേക്ക് കൊണ്ടുവരും. 4 ജീവനക്കാരെ മം​ഗളൂരുവിലെ എജെ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. ഇവരെ കൊണ്ടുവരാൻ 4 ആംബുലൻസുകൾ മം​ഗലാപുരം തുറമുഖത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലാണ് മം​ഗളൂരുവിലേക്ക് എത്തിക്കുക. 18 പേരെ പത്ത് മണിയോടെ മം​ഗലാപുരം തുറമുഖത്ത് എത്തിക്കും. 4 ജീവനക്കാർക്ക് ഏത് തരം പരിക്കുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് കാര്യത്തിൽ വ്യക്തതയില്ല.കത്തുന്ന കപ്പലിനെ ടോയ് ​ഡ​ഗ് ഉപയോ​ഗിച്ച് പുറംകടലിലേക്ക് കൊണ്ടുപോകും. കപ്പൽ ഒഴുകി തീരത്ത് എത്താതിരിക്കാനാണ് ടഗ് ഉപയോഗിച്ച് നിയന്ത്രിക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് കോസ്റ്റ് ​ഗാർഡ് അറിയിച്ചു. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കോസ്റ്റ് ​ഗാർഡ് ഡിഐജി വ്യക്തമാക്കി. സിം​ഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണ് ഉള്ളത്. ആസിഡുകളും ​ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിലുള്ളത്. അപകടം നടന്ന കപ്പൽ‌ ചാനലിന് സമീപത്തുള്ള മറ്റ് കപ്പലുകൾക്ക് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ ദൂരത്തിൽ കടന്നു പോകണമെന്നാണ് നിർദേശം.അതേ സമയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതൽ കപ്പലുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് കപ്പലുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. സാകേത്. സമുദ്രഹരി എന്നീ കപ്പലുകള്‍ രക്ഷാദൌത്യത്തിൽ പങ്കാളികളാകും.