കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമാകും, അതിവേ​ഗതയിൽ കാറ്റിനും സാധ്യത, നിലവിൽ 26 ക്യാംപുകളിലായി 451 പേരെ മാറ്റിപ്പാർപ്പിച്ചു'


'കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമാകും, അതിവേ​ഗതയിൽ കാറ്റിനും സാധ്യത, നിലവിൽ 26 ക്യാംപുകളിലായി 451 പേരെ മാറ്റിപ്പാർപ്പിച്ചു'



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കാലവര്‍ഷം ആരംഭിക്കുകയും ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ 31 വരെ വ്യാപകമായ മഴ ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂന മര്‍ദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ചേക്കാം. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 40- 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് നിലവില്‍ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ 104 വീടുകള്‍ പൂര്‍ണ്ണമായും 3772 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് ഇതുവരെയുള്ള കണക്കുകളെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.