വീട്ടിലെത്തിയത് പുലര്‍ച്ചെ മൂന്നരയോടെ, ജാസിമിന്‍റെ കാലിലൂടെ കാർ കയറ്റിയിറക്കിയതിന് ശേഷം കവർച്ച; സ്ത്രീ അടക്കം 5പേർ പിടിയിൽ


വീട്ടിലെത്തിയത് പുലര്‍ച്ചെ മൂന്നരയോടെ, ജാസിമിന്‍റെ കാലിലൂടെ കാർ കയറ്റിയിറക്കിയതിന് ശേഷം കവർച്ച; സ്ത്രീ അടക്കം 5പേർ പിടിയിൽ



തൃശൂര്‍: അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ കാര്‍ കവര്‍ച്ച കേസില്‍ അറസ്റ്റില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്‌സീന, കോഴിക്കോട് ബേപ്പൂര്‍ നാടുവട്ടം സ്വദേശികളായ അസ്ലം, സലാം, മനു എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ എടത്തിരുത്തിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച് കാര്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ എടത്തിരുത്തി ചൂലൂര്‍ സ്വദേശി മുഹമ്മദ് ജാസിമിന്‍റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മുഹമ്മദ് ജാസിമിന്‍റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിന്‍റെ പൂട്ട് തുറക്കാന്‍ ശ്രമിച്ചു. കാറിന്‍റെ അലാറം അടിക്കുന്ന ശബ്ദംകേട്ട് ജാസിം പുറത്തേക്ക് വന്നു. കാര്‍ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ജാസിമിന്‍റെ കാലിലൂടെ കാറിന്‍റെ ടയര്‍ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് മറ്റുജില്ലകളിലേക്ക് വിവരം നല്‍കിയത് പ്രകാരം പ്രതികളെ കാര്‍ സഹിതം കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തേഞ്ഞിപ്പാലത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുബഷീര്‍, തഫ്‌സീന എന്നിവര്‍ അരീക്കോട്, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ 2024ല്‍ 31 ഗ്രാം എം.ഡി.എം.എ. വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന കേസിലേയും മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലേയും പ്രതിയാണ്. പരിശോധനയില്‍നിന്ന് രക്ഷപ്പെടാനായി ദമ്പതികളായ ഇവര്‍ ഒരുമിച്ചാണ് രാസ ലഹരി കടത്തുന്നതിനായി പോകുന്നത്.
സലാം ബേപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ 2020ല്‍ കോവിഡ് സമയത്ത് നൈറ്റ് കര്‍ഫ്യു ലംഘിച്ച കേസിലെ പ്രതിയാണ്.കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരന്‍, സി.പി.ഒമാരായ ജ്യോതിഷ്, വിനുകുമര്‍, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.