സ്കൂൾ സമയമാറ്റം: 'പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നു, വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം': എസ്കെഎസ്എസ്എഫ്

സ്കൂൾ സമയമാറ്റം: 'പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നു, വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം': എസ്കെഎസ്എസ്എഫ്


തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ്. വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്നും പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണജനകമാണെന്നും സംഘടന വ്യക്തമാക്കി. ജൂൺ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിഷയത്തിൽ മന്ത്രി ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടി സ്വീകരിക്കണം. ചർച്ചക്ക് തയാറാവാതെ സമയമാറ്റം ഏകപക്ഷീയമായി നടപ്പിലാക്കി എന്നും എസ്കെഎസ്എസ്എഫ് ആരോപിച്ചു.ജൂണ്‍16ന് സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നിരുന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിപ്പിച്ചത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവർത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കിയത്. സ്കൂൾ സമയം കൂട്ടിയതിൽ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.