കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ

കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ



തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക്‌ കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ്‌ അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന്‌ ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ്‌ ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.

ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ്‌ വയ്‌ക്കുന്നത്‌. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്‌. വിവിധ ഡിപ്പോകളിൽനിന്ന്‌ 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.