കൃത്യമായി ടെസ്റ്റ് നടക്കുന്നത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് വീണ ജോര്‍ജ്; ‘കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമെന്ന റിപ്പോര്‍ട്ടും വന്നതാണ്’

കൃത്യമായി ടെസ്റ്റ് നടക്കുന്നത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് വീണ ജോര്‍ജ്; ‘കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമെന്ന റിപ്പോര്‍ട്ടും വന്നതാണ്’


കോവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നതാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ആഗോളതലത്തില്‍ കോവിഡ് ടെസ്റ്റുകളില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ വ്യാപകമായി ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

”ടെസ്റ്റ് ചെയ്യുന്നു, കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.”

രോഗങ്ങള്‍ ഉള്ളവരാണ് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് വന്നാല്‍ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.