മലപ്പുറം പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരു മരണം. കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (40) ആണ് മരിച്ചത്. പഴയിടത്ത് സുഹൈൽ (24), ഷഹജാദ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം , ഇന്ന് കണ്ണൂരിൽ വിവിധ സ്ഥലങ്ങളിലായി മറ്റു മൂന്ന് പേരാണ് മുങ്ങി മരിച്ചത്. കണ്ണൂർ പയ്യാവൂർ കൊയിപ്രയിൽ സഹോദരനു ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ അലീന (14 )യാണ് മരിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച അലീന.
കണ്ണൂർ ചൂട്ടാട് ബീച്ചിനോട് ചേർന്ന അഴിമുഖത്ത് ആണ് കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർഥി പുതിയങ്ങാടി സ്വദേശി ഫൈറൂസ് (21 )ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ആയ ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.