
മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. (Six tourists from qatar died in Kenya accident)
27പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളും കര്‍ണാടക സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ ഇവര്‍ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.