നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്
മലപ്പുറം:നിലമ്പൂരിൽ കാത്തിരിപ്പുകൾക്ക് വിരാമം. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇലക്ടോണിക് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ വഴിക്കടവ് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നു. യുഡിഎഫിന് മേൽക്കൈയുള്ള പഞ്ചായത്താണ് ഇത്. തപാൽ വോട്ടുകളിലും ആര്യാടൻ ഷൌക്കത്തായിരുന്നു മുന്നിൽ.263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളും പിവി അൻവറും വിജയ പ്രതീക്ഷയിലാണ്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി. വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.ഒറ്റ വോട്ടും പോകില്ല: മോഹൻ ജോർജ്നിലമ്പൂരിൽ ബിജെപിയുടെ ഒറ്റ വോട്ടും നഷ്ടപ്പെടില്ലെന്നും ഭാരതീയ ജനതാ പാർട്ടി ഈ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ കൂടുതൽ സജീവമായെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്. അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന ബിജെപി സ്ഥാനാർത്ഥി നേരത്തെ നടത്തിയ പരാമർശം വിവാദമായിരുന്നു. പിന്നാലെയാണ് വിശദീകരണം. 'ബിജെപിക്ക് ഇത്തവണ വോട്ടുകൾ കൂടുതൽ ലഭിക്കും. മലയോര കുടിയേറ്റ ഗ്രാമത്തിൽ നല്ല ഉണർവുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് വോട്ടായി മാറണം. മുഴുവൻ പ്രവർത്തകരുടെയും വോട്ട് ലഭിക്കും'. ബിജെപിയുടെ ചുവടുറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് വ്യക്തമാക്കി