ശ്രദ്ധിക്കുക, നിയന്ത്രണം നാളെയും തുടരുമെന്ന് പൊലീസ്; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം


ശ്രദ്ധിക്കുക, നിയന്ത്രണം നാളെയും തുടരുമെന്ന് പൊലീസ്; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം


 കോഴിക്കോട്: കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ അറിയിപ്പ്. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയായതിനാൽ താമരശേരി ചുരത്തിൽ ഉണ്ടാകാനിടയുള്ള തിരക്ക് വലിയ ഗതാഗതക്കുരുക്കിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇന്നും ചുരത്തിൽ പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു.  താമരശ്ശേരി ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനുമാണ് നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. ചുരത്തിലെ വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. ചുരത്തിൽ കൂട്ടം കൂടാനും പാടില്ല. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും. പെരുന്നാൾ ആഘോഷവും, അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ താമരശേരി ചുരത്തിൽ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് മുൻപ് ഇടയാക്കിയിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വയനാട്ടിൽ നിന്ന് ചുരമിറങ്ങി കോഴിക്കോടേക്ക് വരുന്ന ആംബുലൻസുകൾക്ക് അടക്കം ഇത്തരത്തിൽ ഗതാഗത തടസമുണ്ടായാൽ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും താമരശേരി പൊലീസ് അറിയിച്ചു.