ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരില്‍ എത്തിച്ചു: സംസ്‌കാരം വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ എത്തിയ ശേഷം


ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരില്‍ എത്തിച്ചു: സംസ്‌കാരം വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ എത്തിയ ശേഷം


തമിഴ്‌നാട് ധര്‍മ്മപുരിയില്‍ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ എത്തിയ ശേഷമാകും പിതാവിന്റെ സംസ്‌കാരം.

അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. തമിഴ്‌നാട് പാലാക്കോട് പൊലീസ് ആണ് കേസെടുത്തത്. ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈന്‍ ടോമും കുടുംബവും. മുന്നില്‍ പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുന്‍ സീറ്റില്‍ ഇടിച്ചു. സംഭവസ്ഥലത്തു തന്നെ ജീവന്‍ നഷ്ടമായി. ഒപ്പം ഉണ്ടായിരുന്ന മാതാവിന് ഇടുപ്പില്‍ പരുക്കേറ്റു. പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈക്കും പരുക്കേറ്റു.

പരുക്കേറ്റവരെ തൊട്ടു പുറകെ വന്ന കേരള രജിസ്‌ട്രേഷന്‍ കാറില്‍ ധര്‍മ്മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്തിച്ച് ചികിത്സ നല്‍കി.