'വേണ്ടി വന്നാൽ മാസങ്ങൾക്കുള്ളിൽ ഇറാന് ആണവ ബോംബ് നി‍ർമ്മിക്കാനാവും', ട്രംപിനെ തള്ളി യുഎൻ ആറ്റോമിക് എനർജി ഏജൻസി


'വേണ്ടി വന്നാൽ മാസങ്ങൾക്കുള്ളിൽ ഇറാന് ആണവ ബോംബ് നി‍ർമ്മിക്കാനാവും', ട്രംപിനെ തള്ളി യുഎൻ ആറ്റോമിക് എനർജി ഏജൻസി


ന്യൂയോർക്ക്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി തലവൻ. ആണവ ബോംബ് നിർമ്മിക്കാൻ ഉതകുന്ന തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ മാസങ്ങൾക്കുള്ളിൽ ഇറാന് ശേഷിയുണ്ടെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി മേധാവി റാഫേൽ ഗ്രോസി വിശദമാക്കുന്നത്. പൂർണമായി അല്ലെങ്കിലും സാരമായ കേടുപാടുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ചതായി ആയിരുന്നു ട്രംപ് വിശദമാക്കിയത്.ശനിയാഴ്ച മാധ്യമ പ്രവ‍ർത്തകരോട് പ്രതികരിക്കുമ്പോഴാണ് റാഫേൽ ഗ്രോസി ഇക്കാര്യം വിശദമാക്കിയത്. എല്ലാം ആക്രമിച്ച് നശിപ്പിച്ചതായി പറയാനാവില്ലെന്നും റാഫേൽ ഗ്രോസി വിശദമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ജൂൺ 13നാണ് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ ആയുധം നിർമ്മിക്കുന്നുവെന്ന ആരോപണം ഉയർത്തിയായിരുന്നു ഇത്. ഈ ആക്രമണങ്ങളിൽ പിന്നീട് അമേരിക്കയും ഇസ്രയേലിനൊപ്പം പങ്കുചേർന്നു. ഫോർഡോയിലും നഥാൻസിലും ഇസ്ഫഹാനിലും ഉള്ള ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ബോബുകൾ വ‍ർഷിച്ചു. എന്നാൽ ഇതുവരെയും ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ച കേടുപാടുകളുടെ കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.ഇതിനിടെയാണ് ശനിയാഴ്ച റാഫേൽ ഗ്രോസി ഇറാന് മാസങ്ങൾക്കുള്ളിൽ തന്നെ ആണവ സംപുഷ്ടീകരണം ആരംഭിക്കാൻ കഴിയുമെന്നും വേണ്ടി വന്നാൽ ആണവ ബോംബ് തയ്യാറാക്കാനുള്ള തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ കഴിയുമെന്നും വ്യക്തമാക്കുന്നത്. ഇറാന് ഇപ്പോഴും യുറേനിയം സംപുഷ്ടീകരണത്തിനായുള്ള സാങ്കേതിക ശേഷിയും വ്യവസായിക ശേഷിയുണ്ടെന്നും റാഫേൽ ഗ്രോസി വ്യക്തമാക്കി. നേരത്തെ പെൻറഗൺ പുറത്ത് വിട്ട പ്രാഥമിക റിപ്പോർട്ടിലും ട്രംപിന്റെ അവകാശ വാദത്തെ തള്ളിയിരുന്നു.എന്നാൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണത്തെ താഴ്ത്തിക്കെട്ടാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് തന്റെ വാദങ്ങളെ തള്ളിയുള്ള റിപ്പോർട്ടുകളേക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. നിലവിൽ ഇറാനും ഇസ്രയേലും തമ്മിൽ വെടിനി‍ർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യുഎന്നിന്റെ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുമായുള്ള സഹകരണത്തിൽ നിന്ന് പിന്നോട്ട് പോകാനുള്ള നീക്കമാണ് ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രതികരണങ്ങളിൽ പ്രകടമായത്.