
നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് നീക്കം.രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിൽ പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും.
ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് എൻഡിഎയും. പരിഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കി.
യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി വി അൻവർ ഒറ്റയ്ക്കു മത്സരിക്കുമോ എന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഇനിയുള്ള രാഷ്ട്രീയ ആകാംക്ഷ.അൻവർ മത്സരരംഗത്ത് ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പൻ ട്വന്റി ഫോറിനോട് വ്യക്തമാക്കിയിരുന്നു.
നേരത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ പ്രതികരിച്ചിരുന്നു. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്നായിരുന്നു പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.