
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർക്കെതിരെ നരഹത്യ കുറ്റപ്രകാരം കേസെടുത്തു. മനപ്പൂർവ്വം അല്ലാത്ത നരഹത്യ ചുമത്തിയാണ് തമിഴ്നാട് പാലാക്കോട് പോലീസ് കേസെടുത്തത്. കർണാടക സ്വദേശി അനീഷായിരുന്നു കാറിന്റെ ഡ്രൈവർ. 281, 125, 106 എന്നിങ്ങനെ മൂന്നു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈൻ ടോമും കുടുംബവും. തമിഴ്നാട് ദേശീയപാതയിൽ ധർമ്മപുരി പിന്നിട്ട് പാലാക്കോട്. മുന്നിൽ പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുൻ സീറ്റിൽ ഇടിച്ചു. സംഭവസ്ഥലത്തു തന്നെ ജീവൻ നഷ്ടമായി. ഒപ്പം ഉണ്ടായിരുന്ന മാതാവിന് ഇടുപ്പിൽ പരുക്കേറ്റു. പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈക്കും പരുക്കേറ്റു.
പരുക്കേറ്റവരെ തൊട്ടു പുറകെ വന്ന കേരള രജിസ്ട്രേഷൻ കാറിൽ ധർമ്മപുരിയിലെ സർക്കാർ മെഡിക്കൽ കോളേജ് എത്തിച്ച് ചികിത്സ നൽകി. ഷൈനിനും മാതാവിനും തൃശ്ശൂരിലെ ആശുപത്രിയിൽ തുടർ ചികിത്സ നൽകും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പിതാവ് ചാക്കോയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. വിദേശത്ത് ഉള്ള മക്കൾ മടങ്ങിവരുന്നതുവരെ ചാക്കോയുടെ മൃതദേഹം തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.