
ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന സമൂഹം വിദൂരമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോളോനിയൽ ഭരണം അടിച്ചേൽപ്പിച്ച ഭാഷയാണ് ഇംഗ്ലീഷ്. നമ്മുടെ സംസ്കാരത്തിൻറെ രത്നങ്ങളാണ് പ്രാദേശിക ഭാഷകൾ. ഇന്ത്യയുടെ അടിത്തറ തന്നെ പ്രാദേശിക ഭാഷകളാണ്. അതിന് ഇംഗ്ലീഷിനെക്കാൾ മുൻഗണന കിട്ടണം. അതില്ലാതെ നമുക്ക് ചരിത്രം മനസിലാക്കാൻ കഴിയില്ല. പ്രാദേശിക ഭാഷകൾ ഇല്ലാതെ നമുക്ക് യഥാർഥ ഭാരതീയരാകാൻ കഴിയില്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻറെ പുസ്തക പ്രകാശന ചടങ്ങിലാണ് അമിത് ഷായുടെ വിവാദ പരാമർശം.
നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഒരിക്കൽ കൂടി, ആത്മാഭിമാനത്തോടെ പറയാം, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കും, ലോകത്തെ നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.