
പി വി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും, അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ പറ്റില്ല. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.സിപിഐഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു.പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.
അതേസമയം പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും. മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു.