മലയാളി ഹജ്ജ് തീർഥാടകരുടെ മടക്കം ചൊവ്വാഴ്ച മുതൽ
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയായതോടെ ഇന്ത്യൻ തീർഥാടകരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിലെത്തിയ തീർഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ഈയാഴ്ച ആരംഭിക്കും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയ മലയാളി തീർഥാടകർ ചൊവ്വാഴ്ച മുതൽ നാട്ടിലേക്ക് മടങ്ങും. എന്നാൽ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളികളുടെ മടക്കം അൽപം കൂടി വൈകും. ഇവർ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മക്കയിൽനിന്ന് മദീനയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. അവിടെ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മടക്കം. മദീന വിമാനത്താവളത്തിൽനിന്നാണ് അവർ നാട്ടിലേക്ക് തിരിക്കുക. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ളവർ മദീനയിലാണ് എത്തിയത്. അതുകൊണ്ട് തന്നെ ഹജ്ജിന് മുമ്പ് അവർ മദീന സന്ദർശനം പൂർത്തിയാക്കിയിരുന്നു. അതുകൊണ്ടാണ് ഹജ്ജ് പൂർത്തിയാക്കി ജിദ്ദ വഴി അവർക്ക് നാട്ടിലേക്ക് മടങ്ങാനാവുന്നത്. എന്നാൽ, കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കീഴിൽ വന്നവർ ജിദ്ദയിലാണ് ഇറങ്ങിയതെങ്കിലും ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയിരുന്നു. അതുകൊണ്ടാണ് നാളെ (ചൊവ്വാഴ്ച) മുതൽ അവർക്ക് ജിദ്ദയിൽനിന്ന് നാട്ടിേലക്ക് മടങ്ങാൻ കഴിയുന്നത്.