ഒച്ചുപോലെ ഇഴഞ്ഞ് ആറളം തോട്ടുകടവ് പാലം ഉപരിതലം വാർത്തു ;
പ്രവർത്തി ഒന്നര വർഷം പിന്നിട്ട പാലം കടക്കാൻ ഇനിയും എത്രനാൾ വേണമെന്ന് ജനങ്ങൾ
ഇരിട്ടി: വെറും എട്ടോ പത്തോ മാസം കൊണ്ട് തീർക്കേണ്ട പാലം നിർമ്മാണപ്രവർത്തി ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞ് നീങ്ങി ഉപരിതല വാർപ്പിലെത്താൻ എടുത്തത് ഒന്നരവർഷം. പത്തര മീറ്റർനീളത്തിലും എട്ടര മീറ്റർ വീതിയിലും നിർമ്മിക്കേണ്ട ആറളം പഞ്ചായത്തിലെ തോട്ടുകടവ് പാലത്തിനാണ് ഈ ദുർഗ്ഗതി. ഒരു വികസന പദ്ധതിയെ എത്രകാലം നീട്ടിക്കൊണ്ടുപോകാം എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തി. എന്നാൽ ഉപരിതല വാർപ്പ് ചൊവ്വാഴ്ച്ച നടത്തിയതോടെ ജനങ്ങൾക്ക് അൽപ്പം ആശ്വസിക്കാം. അപകട ഭീഷണി നിലനിൽക്കുന്ന മരപ്പാലം കടക്കാതെ ഇനി തോട് കടക്കാമല്ലോ എന്ന ആശ്വാസത്തിലാണ് ഇരു കരയിലുമുള്ള പ്രദേശ വാസികൾ.
ജില്ലാ പഞ്ചായത്ത് 1.25 കോടി രൂപ ചിലവിലാണ് തോട്ടുകടവില പാലം നിർമ്മിക്കുന്നത്. നിലവിലുള്ള പാലം പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയതോടെ ബദൽ സംവിധാനം ഇല്ലാതെ തോട്ടുകടവ്, പൂതക്കുണ്ട്, ഏച്ചില്ലം, പായം, കോണ്ടമ്പ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ യാത്രദുരിതം പേറുകയായിരുന്നു.
നാട്ടുകാരുടെ മുറവിളികൾക്കൊടുവിലാണ് തോട്ടുകടവിൽ പുതിയ പാലത്തിന് അനുമതി കിട്ടിയത്. എന്നാൽ പുതിയ പാലം പ്രതീക്ഷിച്ചവർക്ക് കിട്ടിയതാകട്ടെ തീരാദുരിതവും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻമ്പാണ് പാലത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം നടത്തിയത്. മഴയെത്താൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിലെ പഴ പാലം പൂർണ്ണമായും പൊളിച്ചു നീക്കുകയും ചെയ്തു. ഇതോടെ വാഹന ഗതാഗതം തോട്ടുകടവ്, കൂട്ടക്കളം വഴി തിരിച്ചു വിട്ടു. പൂതക്കുണ്ട്, ആറളം ഭാഗങ്ങളിലുള്ളവർക്ക് മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടതായും വന്നു. കെ എസ് ആർ ടി സി, സ്വകാര്യ ബസ്സുകൾ, സ്‌കൂൾ ബസ്സുകൾ അടക്കം നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലെ പാലം പൊളിച്ചു മാറ്റുമ്പോൾ ഉണ്ടാകാനിടയുളള പ്രയാസം അധികൃതർ പിന്നീട് കണക്കിലെടുത്തതേയില്ല.
ആറളം ഹയർസെക്കൻഡറി സ്‌കൂളിലേക്കും ആറളം, പൂതക്കുണ്ട് മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇരിട്ടിയിലേക്കും പായം, കോണ്ടമ്പ്ര തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് മലയോര ഹൈവേ വഴി എളുപ്പത്തിൽ മറ്റ് പ്രദേശങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റൂട്ടാണിത്.