
ഡല്‍ഹി ജംഗ്പുരയിലെ മദ്രാസി ക്യാംപ് ഒഴിപ്പിച്ചതിന് പിന്നാലെ നൂറിലധികം കുടുംബങ്ങള്‍ ഇപ്പോഴും തെരുവുകളില്‍. 350 കുടുംബങ്ങളില്‍ ഫ്‌ലാറ്റ് കിട്ടിയത് 189 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുനരധിവാസം നല്‍കിയത് നിലവിലെ താമസസ്ഥലത്തു നിന്നും 50 കിലോമീറ്റര്‍ അകലെയെന്നാണ് പരാതി. ഫ്‌ലാറ്റ് വാസയോഗ്യമല്ലെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. ഫ്‌ലാറ്റ് ലഭിച്ചവരും ദുരിതത്തിലാണ്. (Demolition drive in Madrasi Camp in Delhi’s Jangpura after Delhi HC order)
ഡല്‍ഹിയിലെ മിനി തമിഴ്‌നാടായാണ് ജംഗ്പുരയിലെ മദ്രാസി ക്യാംപ് അറിയപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി ഡല്‍ഹിയില്‍ എത്തിയവരാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇന്ന് അവിടെ അങ്ങനെയൊരു മദ്രാസി ക്യാമ്പില്ല.ഭൂമി കയ്യേറ്റം ആരോപിച്ച് മദ്രാസി ക്യാമ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുനരധിവാസം ലഭിക്കാത നൂറിലധികം കുടുംബങ്ങള്‍ വഴിയാധാരമായി.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആണ് സ്ഥലം ഒഴിയണമെന്ന് അറിയിച്ച് പിഡബ്ല്യുഡി നോട്ടീസ് നല്‍കുന്നത്. നിയമ പോരാട്ടത്തിനൊടുവില്‍ പുനരധിവാസം ഉറപ്പാക്കി മദ്രാസ് ക്യാമ്പിലെ ആളുകളെ മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.350 കുടുംബങ്ങളില്‍ 189 പേര്‍ക്ക് മാത്രം നരേലിയില്‍ ഫ്‌ലാറ്റ് നല്‍കി.ബാക്കിയുള്ളവര്‍ തെരുവിലായി.
കൈവശാവകാശ രേഖകള്‍ എല്ലാം ഉണ്ടായിട്ടും 2014 മുതല്‍ വോട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പലര്‍ക്കും ഫ്‌ലാറ്റ് നിഷേധിച്ചതായി പ്രദേശവാസികള്‍ പറയുന്നു.പുനരധിവാസത്തിന്റെ ഭാഗമായി ലഭിച്ച ഫ്‌ലാറ്റ് 50 കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ്. കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും.പണി പൂര്‍ത്തിയാകാത്ത ഫ്‌ലാറ്റുകളാണ് നല്‍കിയതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. വീട് നഷ്ടപ്പെട്ടവര്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങിച്ചെന്നാല്‍ എല്ലാ സഹായവും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തിന് പിന്നാലെ അറിയിച്ചു.