
ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാള്‍ അല്ലെങ്കില്‍ വലിയ പെരുന്നാള്‍ ആണ്.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികള്‍ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓര്‍ക്കുന്നതും ചേര്‍ത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്.
സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.