വിദ്യാര്‍ത്ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം, നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണം'


'വിദ്യാര്‍ത്ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം, നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണം'



തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണം. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകിയ പേരിൽ ഒരു അധ്യാപകനും കടക്കാരനാകില്ലെന്നും അല്‍പം താമസം വന്നാലും സര്‍ക്കാര്‍ നല്‍കേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള പുതിയ ഭക്ഷണ മെനു കഴിഞ്ഞ ദിവംസപുറത്ത് വന്നതിനു പിന്നാലെ സര്‍ക്കാര്‍ നല്‍കുന്ന പരിമിതമായ തുക കൊണ്ട് മെനുവില്‍ പറയുന്ന ആകര്‍ഷകമായ വിഭവങ്ങളെല്ലാം നല്‍കാനാകുമോ എന്ന ആശങ്ക അധ്യാപകരില്‍ നിന്നും അധ്യാപക സംഘടനകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എല്‍പി സ്കൂളില ഒരു കുട്ടിക്ക് 6 രൂപ 78 പൈസയും യുപി സ്കൂളിലെ ഒരു കുട്ടിക്ക് 10.രൂപ 17 പൈസയും മാത്രം സര്‍ക്കാര്‍ വിഹിതം നിശ്ചയിച്ചിരിക്കെ ഏറെക്കുറെ ഇരട്ടിയോളം തുക പുറമെ നിന്ന് കണ്ടെത്തുക അപ്രായോഗികമെന്ന വിലയിരുത്തലുകളും വന്നു. ഈ വിഷയത്തിലാണ് മെനു പരിഷ്കരിച്ചത് നടപ്പാക്കാന്‍ വേണ്ടി തന്നെയെന്ന് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നിഷ്കര്‍ഷിക്കും വിധം ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതു വഴി കടുത്ത സാന്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വരുന്നതായി പല പപ്രധാന അധ്യാപകരും അധ്യാപക സംഘടനകളും പലവട്ടം പരാതിപ്പെട്ടിരുന്നു. സ്വന്തം ശന്പളം ഉള്‍പ്പെടെ ചെലവിട്ടാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് പലരും പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മന്ത്രി പ്രതികരിച്ചത് ഇങ്ങനെ.
വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, കാരറ്റ് റൈസ്, മുട്ട ബിരിയാണി തുടങ്ങി വിഭാവ സമൃദ്ധമായ ഇനങ്ങളാണ് പുതിയ മെനു പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ ഇതിനാവശ്യമായ വിഭവങ്ങളും പാചകത്തൊഴിലാളികളും ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന വിഹിതം കൊണ്ട് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് അധ്യാപകര്‍. വിഷയത്തില്‍ യുഡിഎഫ് അനുകൂല അധ്യാപക സംഘടന നല്‍കിയ ഹര്‍ജജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.