മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു, മൃതശരീരം കനാലിലുപേക്ഷിച്ചു


മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു, മൃതശരീരം കനാലിലുപേക്ഷിച്ചു


സൂറത്ത്: മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. മെയ് 21 നാണ് അഞ്ച് പേര്‍ ചേര്‍ന്ന് മോഷണം ആരോപിച്ച് തൊഴിലാളിയായ സുരേഷ് വര്‍മ്മയെ കൊന്ന് മൃതശരീരം കനാലില്‍ തള്ളിയത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.  

പ്രതികളിലൊരാള്‍ ഈയടുത്ത് ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്തിരുന്നു. ഇവിടുത്തെ തൊഴിലാളിയായിരുന്നു സുരേഷ്. ഇയാള്‍ ഫാമില്‍ നിന്ന്  50,000 രൂപ വിലമതിക്കുന്ന മാമ്പഴം മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പുറത്താണ് കൊലപാതകം. മര്‍ദനത്തെ തുടര്‍ന്ന് സുരേഷ് മരിച്ചെന്ന് മനസിലാക്കിയ പ്രതികള്‍ മൃതശരീരം കാറില്‍ കയറ്റി ഒരു കനാലില്‍ വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് സമയമായിട്ടും സുരേഷ് തിരിച്ചെത്താത്തനാല്‍ ഇയാളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.