ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ, പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസികൾ


ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ, പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസികൾ



ദുബൈ: ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 5.41 മുതലാണ് പെരുന്നാൾ നമസ്കാരം. പെരുന്നാള്‍ ആഘോഷത്തിനായി നഗര വീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.</p><p>പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷം പെരുന്നാള്‍ സന്തോഷം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചും ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളും സന്ദര്‍ശിച്ചും പെരുന്നാള്‍ ആഘോഷിക്കാന്‍ സ്വദേശികളും പ്രവാസികളും ഒരുങ്ങി. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പെരുന്നാളിനെ വരവേല്‍ക്കും. കനത്ത ചൂട് മൂലം ആളുകള്‍ കൂടുതലും വൈകുന്നേരമാകും പുറത്തേക്കിറങ്ങുക. കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീത പരിപാടികൾ, ആകർഷകമായ കായികപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. മാപ്പിളപ്പാട്ട് പരിപാടികളും സംഗീത സന്ധ്യകളും നടത്തും. വിവിധ ഗൾഫ് രാജ്യങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പലയിടങ്ങളിലും വര്‍ണാഭമായ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഖത്തറിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിസിറ്റ് ഖത്തർ ആസൂത്രണം ചെയ്തിരിക്കുന്നത്. പെരുന്നാളും വേനലവധിയുമെത്തുന്ന ജൂണിലെ ആഘോഷ കലണ്ടർ വിസിറ്റ് ഖത്തർ പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികൾ, കായിക മത്സരം, സാംസ്കാരിക പ്രദർശനം എന്നിവ ഉൾപ്പെടുന്നതാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളകൾ. ഒപ്പം പെരുന്നാളിനോടനുബന്ധിച്ച് സന്ദർശകരെ ആകർഷിക്കാൻ വെടിക്കെട്ടും പുഷ്പമേളയുമുണ്ട്.അവധി ആഘോഷിക്കാന്‍ ധാരാളം പ്രവാസികള്‍ നാട്ടില്‍ പോയെങ്കിലും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ കഴിയാത്തവരുമുണ്ട്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിസ്‌വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്നു. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും സുല്‍ത്താന്‍ ബലി പെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീരി ദിവാൻ ബലിപെരുന്നാൾ ആശംസകൾ നേര്‍ന്നു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഈദ് ആശംസകൾ അറിയിച്ചുകൊണ്ട് സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാൾ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാൻ അറിയിച്ചു.