
ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. വൈദ്യുതിലൈന്‍ തകരാറിലായി. കോട്ടയം ഭാഗത്തേക്കുള്ള ട്രാക്കിലാണ് ഇപ്പോള്‍ ഗതാഗത തടസം നേരിടുന്നത്. പ്രദേശത്ത് പല ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ( tree fell on the railway track between Chengannur and Mavelikkara)
അഞ്ച് ട്രെയിനുകള്‍ വൈകിയോടുമെന്നാണ് വിവരം. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
വൈകീട്ട് 6.50ഓടെയാണ് ട്രാക്കില്‍ മരം വീണ് വൈദ്യുതിലൈന്‍ തകരാറിലായത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന ട്രാക്കില്‍ മാത്രമാണ് നിലവില്‍ പ്രശ്‌നമുള്ളത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രാക്കില്‍ പ്രശ്‌നങ്ങളില്ല. ഗതാഗതം വേഗത്തില്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.