കാവികൊടിയേന്തിയ ഭാരതാംബ ചിത്രം; വിവാദം പുകയുന്നു; മാറ്റില്ലെന്ന് ഉറപ്പിച്ച് ഗവർണ്ണർ; സിപിഐ പ്രതിഷേധം ശക്തം

കാവികൊടിയേന്തിയ ഭാരതാംബ ചിത്രം; വിവാദം പുകയുന്നു; മാറ്റില്ലെന്ന് ഉറപ്പിച്ച് ഗവർണ്ണർ; സിപിഐ പ്രതിഷേധം ശക്തം



തിരുവനന്തപുരം: കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്‌ഭവനിൽ വെച്ചതിനെതിരെ പ്രതിഷേധം ശക്തം. മാറ്റിലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. ഇതേ തുടർന്ന് ഗവർണറെ തിരിച്ചു വിളിക്കണമെന്ന് രാഷ്ട്രപതിയോട് സിപിഐ ആവശ്യപ്പെട്ടു. സിപിഐ എംപി സന്തോഷ് കുമാറാണ് ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. ഗവർണ്ണർക്കെതിരായ പ്രതിഷേധ സൂചകമായി നാളെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ വൃക്ഷത്തൈകള്‍ നടും. ഭാരതമാതാവിന്‍റെ പ്രതീകം ദേശീയപതാകയാണ് കാവിക്കൊടിയല്ല എന്ന് പ്രഖ്യാപിച്ചാണ് ബ്രാഞ്ചുകളില്‍ നാളെ വൃക്ഷത്തൈ നടാനാണ് സിപിഐ ആഹ്വാനം.

അനാവശ്യ വിവാദമാണ് സർക്കാർ ഇപ്പോൾ ഉണ്ടാക്കുന്നതെന്നാണ് രാജ്ഭവൻ നിലപാട്.
മന്ത്രിമാരും ഇടത് നേതാക്കളും ഗവർണ്ണറെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി വിവാദത്തില്‍ ഇത് വരെ നിലപാട് അറിയിച്ചിട്ടില്ല. രാജ്ഭവനില്‍ ആർഎസ്‌എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ രാജ്ഭവനില്‍ പ്രസംഗിക്കാൻ ക്ഷണിച്ചതില്‍ മുഖ്യമന്ത്രി വിമർശിച്ചച്ചിരുന്നു.

മുഖ്യമന്ത്രിക്ക് ഗവർണ്ണറോട് മൃദുസമീപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭാരതാംബ വിവാദത്തില്‍ ഗവർണ്ണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കണമെന്നാണ് ആവശ്യം. എന്നാല്‍, സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്‍റെ അഭിപ്രായം. ചിത്രം മാറ്റില്ലെന്ന് ഉറച്ച നിലപാടെടുക്കുന്ന ഗവർണ്ണർക്ക് സർക്കാർ സമീപനത്തില്‍ അതൃപ്തിയുണ്ട്. അതേസമയം വിഷയത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർത്താനാണ് എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ തീരുമാനം.