തെറ്റാണത്'; ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവില്ലെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്

തെറ്റാണത്'; ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവില്ലെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്


വാഷിങ്ടണ്‍: ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവില്ലെന്ന ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിന്‍റെ റിപ്പോർട്ട് തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നും താൽക്കാലികമായി നിർത്തിവച്ച ആണവായുധ പദ്ധതിക്ക് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അംഗീകാരം നൽകിയിട്ടില്ലെന്നുമാണ് മാർച്ച് 25ന് തുൾസി ഗബ്ബാർഡ് കോണ്‍ഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് തെറ്റാണെന്നാണ് ട്രംപ് പറയുന്നത്.</p><p>ഇറാൻ ആണവായുധ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്ന് ട്രംപ് ആരോപിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ തന്‍റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നത് താൻ കാര്യമാക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.ഇറാൻ ആണവായുധം നിർമിക്കുന്നു എന്നതിന് തെളിവില്ലെന്ന് താങ്കളുടെ ഇന്‍റലിജൻസ് വിഭാഗം പറയുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ട്രംപിന്‍റെ മറുപടി- "അപ്പോൾ എന്റെ ഇന്റലിജൻസ് വിഭാഗം തെറ്റാണ്. ഇന്‍റലിജൻസ് വിഭാഗത്തിലെ ആരാണ് അങ്ങനെ പറഞ്ഞത്?നിങ്ങളുടെ ദേശീയ ഇന്‍റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്ന് റിപ്പോർട്ടർ മറുപടി നൽകി. "അവർ പറഞ്ഞത് തെറ്റാണ്" എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.</p><p>പിന്നാലെ തന്‍റെ റിപ്പോർട്ടിലെ ഒരു ഭാഗം അടർത്തിമാറ്റി മാധ്യമങ്ങൾ വ്യാഖ്യാനിക്കുകയാണെന്ന് തുൾസി ഗബ്ബാർഡ് വിമർശിച്ചു. തീരുമാനമെടുത്താൽ ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ ഇറാന് ആണവായുധം നിർമ്മിക്കാൻ കഴിയുമെന്ന് അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്ന് അവർ വിശദീകരിച്ചു. അത് സംഭവിക്കില്ലെന്ന് പ്രസിഡന്‍റ് ട്രംപിനും അറിയാമെന്നും തുൾസി ഗബ്ബാർഡ് വിശദീകരിച്ചു.</p><p>അതേസമയം ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ ഇടപെടണോയെന്ന് ട്രംപ് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്ന് വൈറ്റ് ഹൌസ് വിശദീകരിച്ചു. ഇറാനും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഗുണം ചെയ്യില്ലെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ യുഎസിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരം അകലെയെന്നാണ് ട്രംപിന്‍റെ വാക്കുകൾ നൽകുന്ന സൂചന. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാൻ. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്.