
വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ വർഷം കൂടി വരികയാണ്. അനുമതിയില്ലാത്ത വൈദ്യുത വേലികൾ സ്ഥാപിക്കരുതെന്ന് കെഎസ്ഇബി കർശന നിർദേശം നൽകുമ്പോഴും ഇത് തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
വനാതിർത്തികളിലും പന്നിശല്യം കൂടുതലുളള പ്രദേശങ്ങളിലുമായി അനധികൃത വൈദ്യുത വേലികൾ ഇപ്പോഴും വ്യാപകം. പ്രധാനമായും കർഷകർ വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനാണ് വേലികൾ സ്ഥാപിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിന്റെ ഇരകളാണ് സാധാരണക്കാരായ നിസ്സഹായരായ മനുഷ്യരും.
2022 മെയ് 19ന് പുതുമഴയിൽ മീൻ പിടിക്കാൻ എത്തിയ മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാന്പിലെ രണ്ട് ഉദ്യോഗസ്ഥർ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മൃതദേഹം അരകിലോമീറ്റർ അകലെ പാടത്ത് നിന്നാണ് കണ്ടെത്തിയത്. സ്ഥലമുടമ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
2023 സെപ്തംബർ 26ന് പാലക്കാട് കരിങ്കരപ്പുളളിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ്. പുതുശേരി സ്വദേശി സതീഷ് കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചത്. 2023 ഒക്ടോബർ നാലിന് പാലക്കാട് വണ്ടാഴിയിൽ വീട്ടമ്മക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായി. പുത്തൻപുരക്കൽ ഗ്രേസിക്കാണ് ജീവൻ നഷ്ടമായത്.
പെരുമാട്ടി,ശ്രീകൃഷ്ണപുരത്തും ഇതേ വർഷം പന്നിക്കെണികളിൽ കുടുങ്ങി മനുഷ്യജീവനുകൾ നഷ്ടമായി. 2024 നവംബർ 13ന് വാളയാർ അട്ടപ്പളളത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വീടിന് സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്യ ഷേക്കേറ്റ് പിടയുന്ന പിതാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മകൻ അനിരുദ്ധിനും ഷോക്കേറ്റത്.
വനാതിർത്തി പ്രദേശങ്ങളിൽ അപകടമില്ലാത്ത സൗരോർജ വേലികൾ നിർമ്മിക്കാൻ അനുമതിയുണ്ട്. 10 വാട്ടിന് താഴെ മാത്രം വൈദ്യുതി കടത്തി വിട്ടുകൊണ്ടുളള സൗരോർജ വേലികൾക്കാണ് അനുമതി ലഭിക്കുക. എന്നാൽ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ നൽകുന്നതാണ് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്.
അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം കെഎസ്ഇബി അധികൃതർ നടപടികൾ സ്വീകരിക്കുന്നിടത്തോളം ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. വ്യാപകമായ പരിശോധനകലും കർശന നടപടികളും മാത്രമേ ഇത്തരം അനധികൃത ഇടപെടലുകൾ ഒവിവാക്കാൻ സഹായിക്കു.