'അമീന ജീവനൊടുക്കിയ ദിവസം 10 മിനിറ്റ് തുടർച്ചയായി ശകാരം, പിന്നീട് കണ്ടത് അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ'; മുൻ മാനേജർക്കെതിരെ പരാതി


'അമീന ജീവനൊടുക്കിയ ദിവസം 10 മിനിറ്റ് തുടർച്ചയായി ശകാരം, പിന്നീട് കണ്ടത് അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ'; മുൻ മാനേജർക്കെതിരെ പരാതി


കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പൊലീസില്‍ പരാതി. മാനേജറായിരുന്ന അബ്ദുറഹിമാന്‍റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എൻ. അബ്ദുറഹ്മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മറ്റ് ജീവനക്കാര്‍ക്കും ഇതേ അനുഭവങ്ങളുള്ളതായും അവര്‍ പറഞ്ഞു.അമീന ജീവനൊടുക്കിയ ദിവസം മാനേജർ 10 മിനിറ്റോളം നിരന്തരമായി ഹരാസ് ചെയ്തിരുന്നുവെന്ന് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനൂപ് എല്‍ദോസ് ആരോപിച്ചു. പരാതിയെ തുടര്‍ന്ന് മാനേജര്‍ അബ്ദുറഹിമാനെ ആശുപത്രി മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം വേണെന്നും കുറ്റക്കാരായ മുഴുവൻ പേര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)&nbsp;</strong></p>