ചുഴലിക്കാറ്റും മഴയും :ഇരിട്ടി മേഖലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു


ചുഴലിക്കാറ്റും മഴയും :ഇരിട്ടി മേഖലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു









ഇരിട്ടി: തുടർച്ചയയായി പെയ്യുന്ന  കനത്ത മഴയിലും വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിലും  കാറ്റിലും  മലയോര മേഖലയിൽ വൻ നാശം. മേഖലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ലക്ഷങ്ങളുടെ കൃഷി നാശ മുണ്ടായി. കെ എസ് ഇ ബി ഇരിട്ടി ഇലട്രിക്കൽ സെക്ഷനിൽ 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 200 ഓളം വൈദ്യുതി തൂണുകൾ തകർന്നു. ഗ്രാമങ്ങൾ ഇരുട്ടിലായി. തില്ലങ്കേരിയിൽ 10 വീടുകളും ആറളത്തും  ഉളിക്കലിലും ഓരോ വീടുകളുമാണ് ഭാഗികമായി തകർന്നത്.    
തില്ലങ്കേരി പഞ്ചായത്തിലെ കാഞ്ഞിരാട്, മച്ചൂർ മല, ആലയാട്, കെ.വി. പുരം, കരുവള്ളി, കുണ്ടേരിഞ്ഞാൽ ഭാഗങ്ങളിലാണ് കാറ്റും മഴയും വൻ നാശം വിതച്ചത്. മേഖലയിൽ നിരവധി വൈദ്യുതി തൂണുകൾ തകർന്നു. വൈദ്യുതി ബന്ധം പാടേ താറുമാറായി.  ബി എസ് എൻ എൽ ഫോണുകളും നിശ്ചലമായി.
കെ.വി. പുരത്തെ ചെറോട്ട നിജേഷിൻ്റെ വീടിന്റെ മുകളിൽ മരം വീണ് സൺഷൈഡ് തകർന്നു. കെ.വി. പുരത്തെ കൂളി ഭാസ്കരൻ, വി.കെ. അശോകൻ, വി.കെ. ബാബു എന്നിവരുടെ വിടുകൾക്ക് മുകളിൽ  മരം വീണ് ഭാഗികമായി തകർന്നു. കുണ്ടേരിഞ്ഞാലിലെ പി.വി. പ്രസന്നൻ്റെ വീടിൻ്റെ ഷീറ്റ് കാറ്റിൽ തകർന്നു. കുണ്ടേരിഞ്ഞാലിലെ കെ. വിശ്വനാഥൻ്റെ വീടിൻ്റെ ഒരു ഭാഗം മരം വീണ് തകർന്നു. കരുവള്ളിയിലെ അണിയേരി രാജ്കുമാറിൻ്റെ വീടിൻ്റെ ഷീറ്റിട്ട മേൽ കുര കാറ്റിൽ തകർന്നു. കരുവള്ളിയിലെ ബാബു, വികാസ് എന്നിവരുടെ വീടുകളിലെ ഷീറ്റുകളും കാറ്റിൻ പാറി പോയി.
കുറ്റ്യാടിച്ചാലിലെ ടി. രാഘവൻ്റെ വീടിൻ്റ മേൽക്കൂര മരം വീണ് തകർന്നു. ആലയാട് സി. കൃഷ്ണൻ്റെ വീട് പൂർണ്ണമായും മരം വീണ് തകർന്നു. കാഞ്ഞിരാട്ടെ ദീപേഷിൻ്റെ വാഴത്തോട്ടം കനത്ത കാറ്റിൽ നശിച്ചു. നാശം നേരിട്ട പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി, വൈസ് പ്രസിഡണ്ട്  അണിയേരി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. രതീഷ്, വില്ലേജ് ഓഫിസർ സി.വി . സുദീപൻ എന്നിവർ സന്ദർശിച്ചു.
ആറളം ഫാം ബ്ലോക്ക് 12 ലെ പുഷപവല്ലിയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു . വീടിന് സമീപത്ത്  നിന്ന കൂറ്റൻ മരമാണ് കടപുഴകി വീണത്. മരത്തിന്റെ ചില്ലകൾ മാത്രമാണ് വീടിന് മുകളിൽ പതിച്ചത്. തായ്ത്തടി വീടിന് മുകളിൽ പതിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവ സമയത്ത് വീടിനുള്ളിൽ പുഷവല്ലിയും ഭർത്താവും വിദ്യാർത്ഥിയായ മകനും ഉറക്കത്തിൽ ആയിരുന്നു.  ബ്ലോക്ക് 11ലെ മോളിയുടെ  വീടിന് സമീപത്തെ ചെറിയ പ്ലാവ് കടപുഴകി വീണെങ്കിലും  വീടിന് അപകടമൊന്നും സംഭവിച്ചില്ല.  മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. പ്രദേശവാസികൾ ചേർന്ന് വീടിന് മുകളിൽ വീണ മരം മുറിച്ചു മാറ്റി.